ഡോ. വന്ദനദാസ് കൊലക്കേസ് ശിക്ഷാവിധി ഇന്ന്

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ശിക്ഷാവിധി ഇന്ന്. കഴിഞ്ഞ ദിവസം കോടതി ചോദിച്ചപ്പോൾ “ചെയ്തത് എന്താണെന്ന് അറിയില്ല” എന്നായിരുന്നു സന്ദീപിന്റെ മറുപടി. അമ്മയ്ക്ക് താനാണ് ഏക ആശ്രയമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി അപേക്ഷിച്ചു. “പ്രായശ്ചിത്തം എന്തും ചെയ്യാം, അമ്മയെ കാണാൻ അവസരം നൽകണം” എന്നും സന്ദീപ് കോടതിയിൽ പറഞ്ഞു.
അതേസമയം, പ്രതിയുടെ വാദങ്ങൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ ശ്രമങ്ങളാണെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. കുറ്റകൃത്യത്തിൽ പ്രതിക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും അവർ വ്യക്തമാക്കി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു യുവ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം “അപൂർവങ്ങളിൽ അപൂർവം” (rarest of rare) വിഭാഗത്തിൽ പെടുന്നതാണെന്നും, അതിനാൽ വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

പ്രോസിക്യൂഷന്റെ വിശദീകരണപ്രകാരം, വന്ദന ദാസിനെ പ്രതി 23 തവണ കുത്തുകയായിരുന്നു. രക്ഷയ്ക്കായി ഓടിയ ഡോക്ടറെ പിന്തുടർന്ന് പിടിച്ച് നിർത്തി ആക്രമിച്ചതായും, സഹായിക്കാൻ എത്തിയ പൊലീസുകാരെയും പ്രതി ആക്രമിച്ചതായും കോടതിയിൽ അറിയിച്ചു.

അതേസമയം പ്രതിഭാഗം, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും വധശിക്ഷ നൽകേണ്ട സാഹചര്യമില്ലെന്നും വാദിച്ചു. പ്രതി ബോധപൂർവം കൊല ചെയ്യാൻ ആശുപത്രിയിൽ എത്തിയതല്ലെന്നും, മാനസികാവസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മദ്യലഹരിയിൽ സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദന ദാസിനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്.

#drvandanadas #kollam #kerala