വർക്കലയിലെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബിജെപി

വർക്കലയിലെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബിജെപി. വർക്കല അസംബ്ലി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മുൻ സിപിഐഎം നേതാവും വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സ്മിതാ സുന്ദരേശനെ ബിജെപി നിശ്ചയിച്ചു.
​കഴിഞ്ഞ ദിവസം ശ്രീനിവാസൻ വേണുഗോപാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നിടത്താണ് നാടകീയമായ ഈ മാറ്റം. പ്രമുഖ സിപിഎം നേതാവായിരുന്ന കല്ലമ്പലം സുന്ദരേശന്റെ മകളായ സ്മിത, നിലവിൽ സിപിഎം ബ്ലോക്ക് മെമ്പറും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പാർട്ടി പദവികൾ രാജിവെച്ച് തിരുവനന്തപുരത്ത് വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഇവരുടെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
​സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ ഒന്നായ വർക്കലയിൽ, പാർട്ടി കുടുംബത്തിൽ നിന്നുള്ള ഒരാളെ തന്നെ മണ്ഡലം പിടിക്കാൻ രംഗത്തിറക്കിയ ബിജെപിയുടെ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.