ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന്‍ കപ്പല്‍ യുഎസ് മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന്‍ കപ്പല്‍ യുഎസ് മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ നാവിക യുദ്ധക്കപ്പലായ ഐറിസ് ദേന മുങ്ങി 101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ഏഴ് പേര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026-ലെ 'മിലാന്‍' ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഐറിസ് ദേന.

മുങ്ങിക്കൊണ്ടിരുന്ന ഇറാനിയന്‍ കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 180 പേരുള്ള കപ്പല്‍ അപകടത്തില്‍പ്പെട്ടെന്നും കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചതായും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. അതേസമയം, കപ്പല്‍ തകര്‍ന്ന സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് പറഞ്ഞു.

#iran #america