വിമാനയാത്രക്കാർക്ക് ആശ്വാസം; അധിക ചാർജില്ലാതെ നാട്ടിലേക്ക് തിരികെ വരാൻ പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

യുദ്ധ സാഹചര്യത്തെ തുടർന്ന് റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാർക്ക് ആശ്വാസമായി അധിക ചാർജ് നൽകാതെ നാട്ടിലേക്കു മടങ്ങാൻ കഴിയുന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. യുഎഇയിലെ ഏത് വിമാനത്താവളത്തിൽ നിന്നുമെങ്കിലും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും ടിക്കറ്റ് മാറ്റാനുള്ള സൗകര്യമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ടിക്കറ്റ് മാറ്റുന്നതിനായി റീബുക്കിങ് ഫീസോ ടിക്കറ്റ് നിരക്കിലെ വ്യത്യാസമോ ഈടാക്കില്ല. മുൻപ് ബുക്ക് ചെയ്ത സെക്ടറുകൾക്ക് പകരം യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് യാത്ര മാറ്റാൻ യാത്രക്കാർക്ക് അവസരമുണ്ട്.
ഉദാഹരണത്തിന്, ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾക്ക് ഷാർജയിൽ നിന്ന് കൊച്ചിയിലേക്ക് അധിക ചെലവില്ലാതെ യാത്ര മാറ്റിയെടുക്കാം. ഇതുപോലെ മറ്റു സെക്ടറുകളിലേക്കും ടിക്കറ്റ് മാറ്റാൻ സൗകര്യമുണ്ടാകും. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുമെന്നും അധികൃതർ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിനായി അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 28നും മാർച്ച് 8നും ഇടയിൽ യാത്ര ചെയ്യേണ്ടിയിരുന്നവർക്കാണ് നിലവിൽ ഈ ആനുകൂല്യം ലഭിക്കുക. എയർ ഇന്ത്യയുടെ വെബ്സൈറ്റ് വഴിയോ വാട്സാപ് ചാറ്റ്ബോട്ട് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ സൗജന്യമായി മാറ്റിയെടുക്കാം. കൂടാതെ കൊച്ചി, ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും ഒമാനിലെ മസ്കത്തിൽ നിന്നുമുള്ള പ്രത്യേക വിമാന സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം എയർ ഇന്ത്യ എക്സ്പ്രസ് 43 വിമാന സർവീസുകൾ നടത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം മനാമ, ദമാം, ദോഹ, കുവൈത്ത്, റിയാദ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള ചില വിമാനങ്ങൾ 13 വരെ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സമയം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.