തൃപ്രയാറിലെ ഒരു ജിമ്മിലും ബ്യൂട്ടി പാർലറിലും ജോലി ചെയ്തിരുന്ന പെരിങ്ങോട്ടുകര സ്വദേശിനി ശ്രീലക്ഷ്മിയെയാണ് (30) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനങ്ങളിലെ ജോലിയുടെ മറവിൽ അതിരൂക്ഷമായ ലഹരി വില്പനയാണ് ഇവർ നടത്തിയിരുന്നത്.
രണ്ടേകാൽ കിലോയിലധികം (2.270 കിലോ) ഹാഷിഷ് ഓയിലും, ലഹരി മരുന്ന് വിറ്റഴിച്ചു ലഭിച്ച 90,500 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമേ ഇവർ ലഹരി കൈമാറിയിരുന്നുള്ളൂ. ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ഹാഷിഷ് ഓയിൽ വിറ്റിരുന്നത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് തൃശൂർ റൂറൽ എസ്.പി നടത്തിയ അന്വേഷണത്തിലാണ് ഈ വലിയ ലഹരി വേട്ട നടന്നത്. ഇവർക്ക് ലഹരി എത്തിച്ചു നൽകുന്ന പ്രധാനികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
