തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കക്ക് വീണ്ടും വന്‍ തിരിച്ചടി. യു.എസിന്റെ വിമാനം ഇറാഖില്‍ തകര്‍ന്നു വീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നു വീണത്. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യു.എസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെയാണ് യുഎസ് വിമാനവും തകര്‍ന്നുവീണിരിക്കുന്നത്.
വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ആക്രമണമല്ലെന്നാണ് യു.എസ് അവകാശപ്പെടുന്നത്. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM)അറിയിച്ചു.
'സൗഹൃദ വ്യോമാതിര്‍ത്തിയില്‍' രണ്ട് വിമാനങ്ങള്‍ ഒരു 'സംഭവത്തില്‍' ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് ഇത് തിരുത്തി. ഒരു വിമാനം പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നതായും രണ്ടാമത്തേത് ഇസ്‌റാഈലില്‍ സുരക്ഷിതമായി ഇറങ്ങിയതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇത് ശത്രുതാപരമായ വെടിവയ്‌പ്പോ സൗഹൃദപരമായ വെടിവയ്‌പ്പോ മൂലമല്ല,' CENTCOM അറിയിപ്പില്‍ അവകാശപ്പെടുന്നു. എന്നാല്‍ അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഏറ്റെടുത്തു. തങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയായ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഇക്കാര്യം അറിയിച്ചത്.
പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍.
'യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്, കാരണം അവര്‍ അനീതിക്ക് ഇരയായി. തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് വിജയം നല്‍കാന്‍ കഴിവുള്ളവനാണ്.'
അധിനിവേശ സേനയുടെ വിമാനങ്ങള്‍ ലംഘിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും പ്രതിരോധിക്കുന്നതിനായി, ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സിന്റെ പോരാളികള്‍ പടിഞ്ഞാറന്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായ ഒരു കെസി-135 വിമാനം ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി' അവര് ടെലിഗ്രാമില്‍ കുറിച്ചു....
