ലോകകപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 
വ്യക്തിഗത മികവിനേക്കാളുപരി ടീമിന്റെ ഒത്തൊരുമയ്ക്കും തയ്യാറെടുപ്പുകള്‍ക്കുമുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ ഭാരവാഹികള്‍ വ്യക്തമാക്കി. ഓരോ അംഗത്തിന്റെയും കഠിനാധ്വാനമാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ബാര്‍ബഡോസില്‍ 2024 ലെ ടി20 ലോകകപ്പ് നേടിയപ്പോള്‍, ബോര്‍ഡ് 125 കോടി രൂപ ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആ റെക്കോര്‍ഡ് ആണ് ഇത്തവണ ബിസിസിഐ തകര്‍ത്തത്.

ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇത്തവണ യുവനിരയുമായിട്ടാണ് ഇന്ത്യ എത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി 20 ലോകകപ്പ് ഉയര്‍ത്തിയത്. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. ഈ വിജയത്തോടെ, ഐസിസി പുരുഷ ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ചരിത്ര നേട്ടത്തിന് ഇന്ത്യന്‍ താരങ്ങളേയും സപ്പോര്‍ട്ട് സ്റ്റാഫുകളെയും സെലക്ടര്‍മാരെയും ബോര്‍ഡ് ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയും ഭാവിയില്‍ അവര്‍ക്ക് തുടര്‍ന്നും വിജയം ആശംസിക്കുന്നതായി ബിസിസിഐ അറിയിച്ചു.