അമേരിക്കയിലെ ഓയില്‍ റിഫൈനറിയില്‍ വന്‍ സ്‌ഫോടനം; ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം

അമേരിക്കൻ സമയം തിങ്കളാഴ്ച ടെക്സസിലെ ക്രൂഡ് ഓയിൽ റിഫൈനറിയിലുണ്ടായ ശക്തമായ സ്ഫോടനം പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. പോർട്ട് ആർതറിലുള്ള വലേറോ എനർജിയുടെ ഉടമസ്ഥതയിലുള്ള പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു.

നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വരെ സ്ഫോടനശബ്ദം കേൾക്കാമായിരുന്നു. പെട്ടെന്നുണ്ടായ ഉഗ്രശബ്ദവും പ്രകമ്പനവും വലിയൊരു ദുരന്തം സംഭവിച്ചോ എന്ന ഭീതി ജനങ്ങളിൽ പടർത്തി.

പ്രാഥമിക നിഗമനമനുസരിച്ച്, റിഫൈനറിയിലെ ഒരു ഹീറ്റർ യൂണിറ്റിലുണ്ടായ തകരാറാണ് സ്ഫോടനത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. സാങ്കേതിക തകരാറാകാം ഇതിന് പിന്നിലെന്ന് സെന സ്റ്റീഫൻസ് (Zena Stephens) അറിയിച്ചു. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

 സ്ഫോടനത്തിന്റെ തീവ്രത വലുതായിരുന്നുവെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അടിയന്തര സേനാവിഭാഗങ്ങൾ സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കുകയും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്തു.

ഈ മേഖലയിലെ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്ന റിഫൈനറിയാണിത്. ഏകദേശം 770 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം 4,35,000 ബാരലിലധികം ഗ്യാസോലിൻ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു.
സ്ഫോടനത്തെത്തുടർന്ന് വലിയ തീജ്വാലകളും കറുത്ത പുകയും ആകാശത്തേക്ക് ഉയരുന്നത് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും കാണാമായിരുന്നു....