മുട്ടുമടക്കി അമേരിക്ക; യുദ്ധത്തിനിടയിലും എണ്ണ വില്‍ക്കാന്‍ ഇറാന് ട്രംപിന്റെ അനുമതി, വേറെ വഴിയില്ലെന്ന് യുഎസ്

ഇസ്രയേലി-യുഎസ് സഖ്യവുമായുള്ള യുദ്ധം അനുനിമിഷം വഷളാവുകയാണെങ്കിലും തടസ്സമൊന്നുമില്ലാതെ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ ഇറാന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പച്ചക്കൊടി. പശ്ചിമേഷ്യയില്‍ നിന്ന് ആഗോള വിപണിയിലേക്ക് എണ്ണ കയറ്റുമതി നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചെങ്കിലും ഇതുവഴി ഇറാന്റെ കപ്പലുകള്‍ എണ്ണയുമായി നീങ്ങുന്നുണ്ട്.

ഇത്തരത്തില്‍ എണ്ണ വില്‍ക്കുന്നതിന് യുഎസ് തടയിടാത്തതിനാല്‍ ഇറാന്‍ ഓരോ ദിവസവും 140 മില്യന്‍ ഡോളറിലൂടെ വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ (ഏകദേശം 1,300 കോടി രൂപ). ചൈനയാണ് പ്രധാനമായും ഇറാന്റെ എണ്ണ വാങ്ങുന്നത്. യുദ്ധവും ഹോര്‍മുസിലെ തടസ്സവും മൂലം എണ്ണവില ബാരലിന് 60-65 ഡോളര്‍ നിലവാരത്തില്‍ നിന്ന് 100ന് മുകളിലേക്ക് കത്തിക്കയറിന്റെ നേട്ടവും ഇതോടെ ഇറാന് കിട്ടുന്നു.

ഇതേ സാഹചര്യം അനുകൂലമായത് റഷ്യയ്ക്കുമാണ്. ഹോര്‍മുസിലെ തടസ്സംമൂലം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണവിതരണം ഏതാണ് നിലച്ചമട്ടാണ്. ഇതോടെ 30 ദിവസത്തേക്ക് ഏത് രാജ്യത്തിനും റഷ്യന്‍ എണ്ണ വാങ്ങാമെന്ന ഇളവ് ട്രംപ് ഭരണകൂടം നല്‍കുകയും ചെയ്തു. ഇന്ത്യയും ചൈനയുമാണ് റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്നത്. നേരത്തേ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വലിയതോതില്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നെങ്കിലും ഇപ്പോഴതില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, വിലവര്‍ധിച്ചതിന്റെ ആനുകൂല്യവും റഷ്യയ്ക്ക് കിട്ടുന്നു.

ഓരോ ദിവസവും 150 മില്യനില്‍ കുറയാത്ത വരുമാനം ഇതുവഴി റഷ്യയ്ക്കു കിട്ടുന്നുമുണ്ട്. ഏകദേശം 1,400 കോടി രൂപ. ക്രൂഡ് ഓയില്‍ വില ഇതേ നിലവാരത്തില്‍ തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ റഷ്യ സ്വന്തമാക്കുന്ന 'അധികവരുമാനം' മാത്രം 45,000 കോടി രൂപ കടക്കുമെന്നും വിലയിരുത്തലുണ്ട്.

ഇറാന്‍ യുദ്ധം ഫലത്തില്‍ റഷ്യയ്ക്ക് പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി അപ്രതീക്ഷിതമായി കിട്ടിയ 'പിടിവള്ളിക്ഷയുമാണ്. ഫെബ്രുവരിയില്‍ റഷ്യയുടെ എണ്ണ കയറ്റുമതി 11.4% കുറഞ്ഞ് പ്രതിദിനം 66 ലക്ഷം ബാരലില്‍ എത്തിയിരുന്നു. യുക്രെയ്‌നെതിരായി 2022ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം കണക്കാണിത്. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഇന്ത്യ വലിയതോതില്‍ ഇറക്കുമതി കുറച്ചതായിരുന്നു റഷ്യയ്ക്ക് പ്രധാന തിരിച്ചടിയായത്. ഇപ്പോള്‍ ട്രംപിന്റെ താരിഫ് ആയുധം സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ദുര്‍ബലമാവുകയും ഇന്ത്യ വീണ്ടും റഷ്യ എണ്ണ വാങ്ങാന്‍ തുടങ്ങുകയും ചെയ്തതോടെ, റഷ്യ തിരിച്ചുകയറ്റത്തിന്റെ ട്രാക്കിലുമായി.

എന്തുകൊണ്ടാണ് യുഎസ് മയപ്പെട്ടത്?

രാജ്യാന്തര ക്രൂഡ് ഓയില്‍ വില കത്തിക്കയറുന്നതിന്റെ ആഘാതം ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്. ഇതിനകം തന്നെ പെട്രോള്‍ വില യുഎസില്‍ കത്തിക്കയറിക്കഴിഞ്ഞു. ആനുപാതികമായി അവശ്യവസ്തുക്കളുടെ വിലയും പിന്നാലെ പണപ്പെരുപ്പവും കുതിക്കുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കും. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശഭാരം കൂട്ടുകയും ചെയ്താല്‍ അത് കനത്ത ആഘാതവുമാകും.

ഇന്ത്യയും ചൈനയും യൂറോപ്പും ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയുടെ ആഘാതത്തില്‍ വലയും.

യുദ്ധം നിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നും ക്രൂഡ് വില ബാരലിന് 200 ഡോളറായാലും പ്രശ്‌നമില്ലെന്നും യുഎസിനോടും ഇസ്രയേലിനോടും പ്രതികാരം തുടരുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കാനും ഇറാന്‍ ഉദ്ദേശിക്കുന്നില്ല.

ഹോര്‍മുസില്‍ ഇറാനെ മെരുക്കാന്‍ ട്രംപ് സഖ്യകക്ഷികളുടെ സഹായം തേടിയെങ്കിലും ആരും പിന്തുണച്ചില്ല. ഈ സാഹചര്യത്തില്‍ ഇറാന്‍, റഷ്യ എന്നിവയുടെ എണ്ണ കൂടി തടഞ്ഞാല്‍ ട്രംപിനും അമേരിക്കയ്ക്കും എതിരെ ആഗോളതലത്തില്‍തന്നെ പ്രതിഷേധം അലയടിക്കാനുള്ള സാധ്യതയുമേറെ. ഈ സാഹചര്യത്തിലാണ് സാഹചര്യം മുന്‍നിര്‍ത്തി ഇറാനും റഷ്യയ്ക്കും ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചത്....