വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ നിർമാണത്തിന് ആവശ്യമായ 90 ശതമാനം നിലവാരത്തിലേക്ക് ഉയർത്താൻ ഇറാന് സാധിക്കുമെന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്.
അതിശക്തമായ സുരക്ഷയുള്ള ഭൂഗർഭ നിലവറകളിൽനിന്ന് ഈ ആണവശേഖരം പുറത്തെടുക്കാൻ അമേരിക്കയുടെ ‘ഡെൽറ്റ ഫോഴ്‌സ്’ ഉൾപ്പെടെയുള്ള പ്രത്യേക സേനകളെ ഇറാനിലേക്ക് അയച്ചേക്കും. പിടിച്ചെടുക്കുന്ന യുറേനിയം ഒന്നുകിൽ ഇറാനിൽനിന്ന് കടത്തിക്കൊണ്ടുപോകുകയോ അല്ലെങ്കിൽ അവിടെ വെച്ച് തന്നെ ഉപയോഗശൂന്യമാക്കുകയോ ചെയ്യാനാണ് പദ്ധതി.
ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം താൻ തള്ളിക്കളയുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ചിലപ്പോൾ നമ്മൾ അത് ചെയ്‌തേക്കാം. അത് വലിയൊരു കാര്യമായിരിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും സൈനിക ശേഷിയെയും പൂർണമായും തകർത്ത്, കരസേനാ നീക്കത്തിന് ഭീഷണിയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത്തരമൊരു ദൗത്യം ആരംഭിക്കൂ എന്ന് ഇസ്രയേൽ പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് എണ്ണ സംഭരണ കേന്ദ്രം പിടിച്ചെടുക്കുന്നതിനെക്കുറിച്ചും അമേരിക്കൻ ഉദ്യോഗസ്ഥർ ഗൗരവകരമായ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
ഇതിനകം തന്നെ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ, പരാജയപ്പെടാൻ സാധ്യതയുള്ള വ്യോമാക്രമണത്തേക്കാൾ ഫലപ്രദമായത് കരസേനാ നീക്കമാണെന്ന നിലപാടിലാണ് അമേരിക്കയിലെയും ഇസ്രയേലിലെയും സൈനിക വിദഗ്ധർ....
