ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു 7 മരണം

ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ഖത്തര്‍, തുര്‍ക്കി സേനാംഗങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച (2026 മാര്‍ച്ച് 22) പുലര്‍ച്ചെയാണ് അപകടം നടന്നത്. ഖത്തര്‍ സായുധ സേനയുടെയും ഖത്തര്‍ - തുര്‍ക്കി സംയുക്ത സേനയുടെയും ഭാഗമായി പ്രവര്‍ത്തിച്ചിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ വീണ ഹെലികോപ്റ്ററിനായി കോസ്റ്റ് ആന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയും 'ലെഖ്വിയ' സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമും ചേര്‍ന്ന് നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ക്യാപ്റ്റന്‍ പൈലറ്റ് മുബാറക് സാലിം ദവായ് അല്‍ മര്‍റി, ഫഹദ് ഹാദി ഗാനിം അല്‍ ഖയാറിന്‍ (ഖത്തര്‍ സായുധ സേന), മുഹമ്മദ് മാഹിര്‍ മുഹമ്മദ് (ഖത്തര്‍ സായുധ സേന), മേജര്‍ സിനാന്‍ താഷ്തകിന്‍ (ഖത്തര്‍ - തുര്‍ക്കി സംയുക്ത സേന), സുലൈമാന്‍ ജമയ്‌റ കഹ്റാമാന്‍ (തുര്‍ക്കി പൗരന്‍), ഇസ്മായില്‍ അനാസ് ജാന്‍ (തുര്‍ക്കി പൗരന്‍), സഈദ് നാസര്‍ സമയ്ഖ്(ഖത്തര്‍ സായുധ സേന) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.

#qatar #HelicopterCrash