കൊളംബിയയിൽ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 34 സൈനികർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

125 സൈനികരുമായി പറന്നുയർന്ന വിമാനമാണ് രാജ്യത്തിന്റെ തെക്കൻ അതിർത്തി പ്രദേശമായ പ്യൂർട്ടോ ലെഗ്യൂസാമോയിൽ അപകടത്തിൽപ്പെട്ടത്. പെറുവിന്റെയും ഇക്വഡോറിന്റെയും അതിർത്തിയോട് ചേർന്ന പൂട്ടൂമ്യോ ആമസോൺ പ്രവിശ്യയിലാണ് ദുരന്തമുണ്ടായതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു.

ലോക്‌ഹീഡ് മാർട്ടിൻ നിർമ്മിച്ച സി-130 ഹെർകുലീസ് സൈനിക വിമാനമാണ് തകർന്നത്. പറന്നുയർന്ന് ഏകദേശം ഒന്നര കിലോമീറ്റർ പിന്നിട്ടതോടെ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനത്തിലുണ്ടായിരുന്ന വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചതോടെ അപകടത്തിന്റെ ആഘാതം കൂടുതൽ രൂക്ഷമായി.

ആക്രമണ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാസം ബൊളീവിയയിലും സി-130 ഹെർകുലീസ് സൈനിക വിമാനം തകർന്നുവീണിരുന്നു. അന്ന് 20 സൈനികർ മരണപ്പെട്ടിരുന്നു. #colambia #LatestNews