സംസ്ഥാനത്ത് സ്പെഷ്യൽ ഡ്രൈവിൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തവരിൽ നിന്ന് പിരിച്ചെടുത്തത് 2.7 കോടി രൂപ. പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവായ 'ഹെൽമറ്റ് ഓൺ - സേഫ് റൈഡ്' ലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും വലിയ തുക പിരിച്ചെടുത്തത്.
51,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഒരാഴ്ച നീണ്ട പരിശോധനയിൽ 2,70,51,150 രൂപ പിഴയാണ് ഈടാക്കിയത്. സംസ്ഥാന വ്യാപകമായി 1,13,011 ഇരുചക്ര വാഹനങ്ങളാണ് പരിശോധിച്ചത്. മാർച്ച് 18 മുതൽ 24 വരെയായിരുന്നു പ്രത്യേക പരിശോധന. അപകടമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. വരും ദിവസങ്ങളിലും ഹൈവേ പട്രോളിംഗ് വിഭാഗം പരിശോധന തുടരും. ആവർത്തിക്കുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
