സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചക്കിടെ എയര്‍ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള 2500 സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. മേഖലയില്‍ വിമാന കമ്പനി 30% സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിമാന ടിക്കറ്റ് നിരക്കും വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം കഴിഞ്ഞ ദിവസം കേന്ദ്രം നീക്കിയിരുന്നു.
'ലോകം മിഡില്‍ ഈസ്റ്റിലെ നിലവിലുള്ള സംഘര്‍ഷത്തിന്റെ ആഘാതവുമായി പൊരുതുകയാണ്. മിഡില്‍ ഈസ്റ്റിലേക്കും അവിടുത്തേക്കുമുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പതിവ് വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ എയര്‍ ഇന്ത്യ ഗ്രൂപ്പില്‍ അതിന്റെ ആഘാതം വളരെ വലുതാണ്,'' ചീഫ് എക്സിക്യുട്ടിവ് ഓഫിസര്‍ ക്യാംപല്‍ വില്‍സണ്‍ കുറിപ്പില്‍ പറഞ്ഞു.
''സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഈ മേഖലയിലേക്കുള്ള ഏകദേശം 2,500 വിമാന സര്‍വിസുകള്‍ ഞങ്ങള്‍ക്ക് റദ്ദാക്കേണ്ടിവന്നു'' അദ്ദേഹം പറഞ്ഞു.
അതിനിടെ, പശ്ചിമേഷ്യയില്‍ യുദ്ധഭീതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചര്‍ച്ചയെന്നാണ് സൂചന.
നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കര്‍ അറിയിച്ചു. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോര്‍മുസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്നും ഇരുനേതാക്കളും വിലയിരുത്തി.....
