2027ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍

2027ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്തുമെന്ന് സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ആരംഭിക്കും.

ജൂൺ 16 മുതൽ 30 വരെ പൗരന്മാർക്ക് സ്വയം വിവരങ്ങൾ നൽകാനായുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ലഭിക്കും. തുടർന്ന് ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തി വിവരശേഖരണം നടത്തും. ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. വീടുകളുടെ നിർമ്മാണരീതി, ശുദ്ധജലം, വൈദ്യുതി, ഇന്റർനെറ്റ് സൗകര്യം, വാഹനങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കും.

രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. കുടുംബത്തിലെ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പശ്ചാത്തലം, സാമ്പത്തിക സ്ഥിതി, കുടിയേറ്റം, ജനനനിരക്ക് തുടങ്ങിയ വിശദവിവരങ്ങൾ ശേഖരിക്കും. ജാതി സെൻസസും ഈ ഘട്ടത്തിലായിരിക്കും ഉൾപ്പെടുത്തുക.

സെൻസസ് നടപടികൾ പൂർണമായും ഡിജിറ്റൽ രീതിയിലായിരിക്കും. വിവരശേഖരണത്തിന് പ്രത്യേക മൊബൈൽ ആപ്പും ഓൺലൈൻ പോർട്ടലും ഉണ്ടാകും. മൊബൈൽ ആപ്പ് 16 ഭാഷകളിൽ ലഭ്യമാകും. രാജ്യത്തുടനീളം 31 ലക്ഷം എന്യൂമറേറ്റർമാരെ ഇതിനായി നിയോഗിക്കും.

സെൻസസിനായി 11,718.24 കോടി രൂപ ചെലവിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും എന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെൻസസിനായി യാതൊരു രേഖയും സമർപ്പിക്കേണ്ടതില്ലെന്നും അറിയിച്ചു.

സെൻസസും മറ്റ് രജിസ്ട്രേഷൻ നടപടികളുമായും ബന്ധമില്ലെന്നും, എല്ലാവരും കൃത്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.