സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ജിതേഷ് ശര്‍മയും ടിം ഡേവിഡും ഫിനിഷര്‍മാരായി എത്തുമ്പോള്‍ ക്രുനാല്‍ പണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, വെങ്കടേഷ് അയ്യര്‍ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനം ടീമിന് കരുത്താകും.
അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവരടങ്ങുന്ന ടോപ്പ് ഓര്‍ഡര്‍ ഏത് ബൗളിംഗ് നിരയെയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ്. നിതീഷ് കുമാര്‍ റെഡ്ഡി, ലിയം ലിവിംഗ്സ്റ്റണ്‍ എന്നിവരും ടീമിന് വേഗതയേറിയ സ്‌കോര്‍ സമ്മാനിക്കാന്‍ പ്രാപ്തരാണ്. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുന്നത്.
ഇരുടീമുകളെയും അലട്ടുന്നത് പ്രമുഖ ബൗളര്‍മാരുടെ അഭാവമാണ്. പാറ്റ് കമ്മിന്‍സ് ഹൈദരാബാദ് നിരയിലും ജോഷ് ഹെയ്സല്‍വുഡ് ബെംഗളൂരു നിരയിലും ഇന്നുണ്ടാകില്ല. ബാറ്റര്‍മാരെ തുണയ്ക്കുന്ന ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറികള്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാകും. ഈ മൈതാനത്തെ ശരാശരി സ്‌കോര്‍ 166 റണ്‍സാണ്.
ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 25 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 14 ജയവുമായി ഹൈദരാബാദ് മുന്നിട്ടുനില്‍ക്കുന്നു. 11 മത്സരങ്ങളിലാണ് ബെംഗളൂരുവിന് വിജയിക്കാനായത്.
