പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്താല്‍ 17 വയസ്സുകാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി, നാടിനെ ഞെട്ടിച്ച ദാരുണസംഭവം...

തിരുവനന്തപുരം: പരീക്ഷാക്കാലം കുട്ടികളിൽ ഏൽപ്പിക്കുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ആഴം വ്യക്തമാക്കുന്ന ഒരു ഹൃദയഭേദകമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്ലസ്ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞുപോകുമെന്ന ഭയത്താൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം സമൂഹമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ദാരുണമായ വാർത്തയെ ആസ്പദമാക്കി അർച്ചന മീര എന്ന രക്ഷകർത്താവ് പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്..

തന്റെ മകളുടെ സഹപാഠിയായ, ഇരട്ടക്കുട്ടികളിൽ ഒരാളായ പെൺകുട്ടിയാണ് പരീക്ഷാപ്പേടിയെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത്. പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചതിന് പിന്നാലെ, തനിക്ക് മാർക്ക് കുറഞ്ഞുപോകുമോ എന്ന ആശങ്കയിലായിരുന്നു കുട്ടി. കുറിപ്പ് എഴുതിവെച്ച ശേഷമാണ് കുട്ടി കടുംകൈ ചെയ്തത്. ഒരു സാധാരണ കുടുംബത്തിലെ പ്രതീക്ഷയായിരുന്ന ആ പെൺകുട്ടിയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി..

'കുട്ടികൾക്ക് ഒരു വിജയത്തിന്റെ സർട്ടിഫിക്കറ്റോ ഫുൾ A+ ഒന്നുമല്ല വേണ്ടത്, അവരുടെ മനസ്സിന് ഇപ്പോൾ നല്ലൊരു സപ്പോർട്ട് രക്ഷകർത്താക്കൾ കൊടുക്കണം. അവർ വളരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞുപോകട്ടെ, നമുക്ക് നമ്മുടെ മക്കളെ ജീവനോടെ മതി.' - കുറിപ്പിൽ അർച്ചന മീര വ്യക്തമാക്കുന്നു..

പരീക്ഷാ ഫലത്തെ മാത്രം ജീവിത വിജയമായി കാണുന്ന പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴിവെക്കുന്നതെന്ന് കുറിപ്പ് വിമർശിക്കുന്നു. ഫുൾ A+ ആണ് ജീവിതം എന്ന് കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷകർത്താക്കളാണോ, അധ്യാപകരാണോ, അതോ സമൂഹമാണോ എന്ന ഗൗരവകരമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്..

'പരീക്ഷാക്കാലത്ത് കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക. മാർക്കിനേക്കാൾ ഉപരിയായി അവരുടെ ആരോഗ്യത്തിനും മാനസികാവസ്ഥയ്ക്കും പ്രാധാന്യം നൽകുക. പരാജയപ്പെട്ടാലും തങ്ങൾ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മക്കൾക്ക് നൽകുക.'

​ഇനിയൊരു കുട്ടി പോലും പരീക്ഷാ പേടിയുടെ പേരിൽ ജീവിതം അവസാനിപ്പിക്കാൻ ഇടവരരുത് എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്..