ബെംഗളൂരുവിലെ പീനിയയിൽ നടന്ന ഒരു ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കുടുംബ പ്രശ്നങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് ഒടുവിൽ അതിദാരുണമായി രണ്ട് ജീവനുകൾ കവർന്നത്.
യമുന (36), സഹോദരൻ സുധീപ് എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവായ മല്ലിഗൗഡയും മുൻപ് അയൽവാസിയായിരുന്ന ഛായയും തമ്മിലുള്ള അവിഹിതബന്ധമാണ് ഈ ദുരന്തത്തിന് തുടക്കം കുറിച്ചത്. ബന്ധം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, ഇത് ചോദ്യം ചെയ്യാനായി ഛായയുടെ വീട്ടിലെത്തിയതായിരുന്നു യമുനയും സഹോദരൻ സുധീപും. വാക്കേറ്റത്തിനൊടുവിൽ ഇരുവരും കൈയിൽ കരുതിയിരുന്ന കത്തിയുമായി ഛായയ്ക്ക് നേരെ പാഞ്ഞടുത്തു.
എന്നാൽ അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഛായയുടെ 16-കാരനായ മകൻ, ഇവരുടെ കൈയിൽ നിന്നും കത്തി പിടിച്ചുവാങ്ങി ഇരുവരേയും തുരുതുരാ കുത്തുകയായിരുന്നു. പത്തിലേറെ തവണ കുത്തേറ്റ യമുനയും സുധീപും സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു.
കൊലപാതകത്തിന് ശേഷം ഭയന്ന വിദ്യാർത്ഥി മുറിക്കകത്ത് കയറി വാതിലടച്ചു. പോലീസ് എത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന കുട്ടി, ഒടുവിൽ പിതാവ് എത്തിയ ശേഷമാണ് കത്തിയുമായി കീഴടങ്ങിയത്. ഇതിനിടെ, അമ്മ കൊല്ലപ്പെട്ടതറിഞ്ഞ് യമുനയുടെ മകൾ ശുചീകരണ ലായനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മറ്റൊരു സങ്കടകരമായ വാർത്ത കൂടി പുറത്തുവരുന്നുണ്ട്. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് ഛായയെ കസ്റ്റഡിയിലെടുക്കുകയും, പ്രായപൂർത്തിയാകാത്തതിനാൽ 16-കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും ചെയ്തു. ഒരു നിമിഷത്തെ പ്രകോപനവും അവിഹിത ബന്ധങ്ങളും എങ്ങനെ രണ്ട് കുടുംബങ്ങളെ പൂർണ്ണമായും തകർത്തുകളഞ്ഞു എന്നതിന്റെ നേർക്കാഴ്ചയാവുകയാണ് ഈ സംഭവം.
