പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായിരുന്ന പത്താം ക്ലാസ്സുകാരി മഞ്ജലിക (15) മരണത്തിന് കീഴടങ്ങി.

 തിരുവനന്തപുരം പിരപ്പൻകോട് പ്ലാക്കീഴ് കുന്നുംപുറത്ത് വീട്ടിൽ രാജേഷിന്റെയും മഞ്ജുവിന്റെയും ഏക മകളായ മഞ്ജലിക, പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.

​രണ്ടു മാസം മുൻപ് വെറുമൊരു ജലദോഷമായി തുടങ്ങിയ അസുഖം പെട്ടെന്ന് കടുത്ത ന്യുമോണിയയായി മാറുകയും ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ തളർത്തുകയുമായിരുന്നു. ശാരീരികമായ അവശതകൾക്കിടയിലും മനസ്സ് തോൽക്കാൻ സമ്മതിക്കാതിരുന്ന മഞ്ജലിക, മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ കഴിഞ്ഞിരുന്ന സമയത്ത് തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും മനോഹരമായ ചിത്രങ്ങൾ വരച്ചു നൽകി ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന ആ നിമിഷങ്ങളിൽ എട്ടു കഥകളും രണ്ട് കവിതകളുമാണ് ആ കൊച്ചു കൈകൾ എഴുതിത്തീർത്തത്.
​സഹപാഠികൾ പത്താം ക്ലാസ് പരീക്ഷാ ചൂടിലേക്ക് കടക്കുമ്പോൾ, പാട്ടും നൃത്തവും എഴുത്തുമായി എന്നും മുന്നിലുണ്ടായിരുന്ന മഞ്ജലികയുടെ തിരിച്ചുവരവിനായി ഒരു നാട് മുഴുവൻ പ്രാർത്ഥനയിലായിരുന്നു. ചികിത്സയ്ക്കായി ആവശ്യമായ വൻതുക സ്വരൂപിക്കാൻ സോഷ്യൽ മീഡിയയിലൂടെയും രാഷ്ട്രീയ-സാമൂഹിക സംഘടനകളിലൂടെയും വലിയൊരു ജനവിഭാഗം തന്നെ രംഗത്തെത്തിയിരുന്നു. ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി ശ്വാസകോശം മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അന്ത്യം സംഭവിച്ചത്. വരച്ചു തീർക്കാത്ത ചിത്രങ്ങളും എഴുതിത്തീർക്കാത്ത കവിതകളും ബാക്കിവച്ച് മഞ്ജലിക മടങ്ങുമ്പോൾ, പ്രിയപ്പെട്ട മകളുടെ വേർപാടിൽ വിതുമ്പുന്ന രാജേഷിനും മഞ്ജുവിനും ഒപ്പം ഒരു നാട് ഒന്നടങ്കം കണ്ണീരോടെ