മൂന്നുനാലു KSUക്കാരും 35പൊലീസുകാരും; KSU പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല;തെരഞ്ഞെടുപ്പുകാലത്ത് എന്തും പറയാമെന്ന് വിഡി സതീശൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള പ്രതിഷേധത്തിൽ കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.മൂന്നുനാലു കെഎസ്യുക്കാരും 35പൊലീസുകാരും ആണ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്ന് മന്ത്രിക്കെതിരെ ഒരു അക്രമവും നടന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത് എന്തും പറയാമെന്ന് വിഡി സതീശൻ പറഞ്ഞു. ഇനി അങ്ങനെ എന്തെങ്കിലും പ്രവർത്തകർ ചെയ്തതായി പുറത്തുവരികയാണെങ്കിൽ അപലപിക്കുമെന്നും നടപടി ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു.

മന്ത്രിയുടെ അഭിനയമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു. 2026ലെ മികച്ച നടിയ്ക്കുള്ള അവാർഡ് മന്ത്രി വീണാ ജോർജിന് കൊടുക്കണമെന്നും പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു  

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ആരോ​ഗ്യമന്ത്രിയെ കണ്ടത്. കണ്ണൂരിൽ ഉണ്ടായത് കോൺഗ്രസിന്റെ ഹീന രാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചായിരുന്നു കെ.എസ്.യു പ്രതിഷേധം. മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റു. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി റെയിൽവേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടയിൽ മന്ത്രി പെട്ടുപോവുകയായിരുന്നുവെന്നാണ് വിവരം. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകണ്ണൂരിൽ വ്യാപകമായി വീണാ ജോർജിനെതിരെ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ എകെജി ആശുപത്രിക്ക് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി പ്രതിഷേധിച്ചിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷമാണ് മന്ത്രിക്ക് യാത്ര തുടരാനായത്. ഇതിന് ശേഷമാണ് മന്ത്രിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിഷേധവുമായെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് കയറിയ സമയത്താണ് പ്രതിഷേധവുമായി കെ.എസ്.യു പ്രവർത്തകരെത്തിയത്.