അതേസമയം പുറത്ത് വന്ന വീഡിയോകളിൽ എസ്.എഫ്.ഐ പ്രവര്‍ത്തകർ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസിൽ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിടികൂടാത്തിലും സേനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജില്ലാ പൊലീസ് അസോസിയേഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പിൽ സിറ്റി പൊലീസ് കമീക്ഷണർക്ക് എതിരെ ട്രോളുകൾ വരെ പ്രത്യക്ഷപ്പെട്ടു. ഷോപ്പിംഗ് മാളിൽ എസ്എഫ്ഐക്കാർ പൊലീസുകാരനെ മർദ്ദിച്ച കേസിൽ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മൊഴിയും പരിശോധിച്ച് മാത്രം നടപടിയെന്നാണ് പൊലീസ് വിശദീകരണം.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച പൊലീസുകാരനെയാണ് ഷോപ്പിംഗ് മാളിൽ വച്ച് ആസൂത്രിതമായി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും പൊലീസുമായി സംഘർഷം ഉണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാർ ലാത്തിവീശി. ഇതിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. തുച്ഛമായ കൂലിയ്ക്ക് വോളന്റിയർമാരായി നില്ക്കാൻ പോയ നിരപരാധികളായ വിദ്യാർത്ഥികളെ ആണ് പൊലീസ് തല്ലിയതെന്ന് അന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. അകാരണമായി മർദ്ദിച്ച പൊലീസുകാരെ 'കണ്ടോളാമെന്ന്' അന്നുതന്നെ എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു.
