സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുമോ? ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ആടിയുലഞ്ഞ് നിൽക്കുന്ന സ്വർണവിലയെ ആണ് കാണാൻ സാധിക്കുന്നത്. നിന്ന നിൽപ്പിൽ കൂടുകയും നോക്കി നിൽക്കെ തന്നെ അത് കുറയുകയും ചെയ്യുന്ന കാലം. അതുകൊണ്ട് ഈ ഏറ്റക്കുറച്ചിലുകളെ വിശ്വസിച്ച് വാങ്ങാൻ പോകുന്നത് അത്ര ബുദ്ധിയല്ല. ഇന്നും അതുപോലെ തന്നെ ആണ് വ്യാപാരം നടക്കാൻ പോകുന്നത്. ഞായറാഴ്ച ആയ ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നപ്പോൾ ഇന്ന് വിലയിൽ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 1,14,720 രൂപയാണ് ഇന്നത്തെ ഒരു പവന്റെ വില. 960 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 120 രൂപ കുറഞ്ഞ് 14,340 രൂപയായി.
കഴിഞ്ഞ ആഴ്ച ഉണ്ടായ അടുപ്പിച്ചുള്ള ഇടിവ് കണ്ടപ്പോൾ വില ഒരു ലക്ഷത്തിനു താഴേയ്ക്ക് എത്തുമെന്ന് ചെറിയ ഒരു പ്രതീക്ഷ ആളുകളിൽ ഉണ്ടായിരുന്നു. എന്നാൽ ഒരു ലക്ഷത്തിന് താഴേക്ക് നിരക്കെത്താനുള്ള ഒരു സാധ്യതയും നിലവില്‍ കാണുന്നില്ല. സ്വര്‍ണവില മാര്‍ച്ച് മാസത്തോടെ 2 ലക്ഷത്തിലേക്ക് കടക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പലരും നൽകുന്നുണ്ട്. അതിൽ കാര്യമുണ്ടെങ്കിൽ സാധാരണക്കാർക്ക് സ്വർണമെന്നത് കിട്ടാക്കനിയായി മാറാൻ പോകുന്നു എന്ന് വേണം കരുതാൻ. കഴിഞ്ഞ കുറച്ചുകാലമായി സംസ്ഥാനത്ത് വിവാഹങ്ങളുടെ വലിയ ഒരു നിര തന്നെ ആണ് നടക്കുന്നത്. വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി സ്വർണം മാറിയത് കൊണ്ട് എന്തായാലും ആ പാർട്ടികൾ സ്വർണം വാങ്ങും. അതുകൊണ്ട് വില കൂടിയാലും കുറഞ്ഞാലും വില്പനയിൽ ഒരു ഇടിവ് ഉണ്ടാവില്ല.