ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു.

.ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി, കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവ‍ർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
ഡ്രൈവിങ്ങിനിടെ ഹൃദയാഘാദം! ബസ് ഇടിച്ചുനിർത്തി യാത്രക്കാരെ സുരക്ഷിതരാക്കി പ്രദീപ്‌ യാത്രയായി..

തന്റെ ജീവൻ പൊലിയുന്ന ആ അവസാന സെക്കൻഡുകളിലും തന്നോടൊപ്പമുള്ള യാത്രക്കാരെ ചേർത്തുപിടിച്ച ഒരു കെഎസ്ആർടിസി ഡ്രൈവർ. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറായ പ്രദീപ് കുമാറാണ് ആ ധീരനായ മനുഷ്യൻ. മാവേലിക്കരയിൽ നിന്നും പുറപ്പെട്ട് അധികം വൈകാതെ തന്നെ കഠിനമായ അസ്വസ്ഥതയും ഹൃദയവേദനയും അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഒരുപക്ഷേ ഒരു നിമിഷം അദ്ദേഹം കൈകൾ സ്റ്റിയറിങ്ങിൽ നിന്നും പിൻവലിച്ചിരുന്നെങ്കിൽ, നിയന്ത്രണം വിട്ട ആ ബസ് വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുമായിരുന്നു.

തനിക്ക് ചുറ്റും എന്ത് സംഭവിക്കുന്നു എന്ന് തിരിച്ചറിയാൻ പോലുമാകാത്തത്ര വേദനയിലും പ്രദീപ് ആദ്യം ചിന്തിച്ചത് തന്റെ പിന്നിലിരിക്കുന്ന നിരപരാധികളായ ആ യാത്രക്കാരെ കുറിച്ചാണ്. തന്റെ ബോധം മറയുന്നതിന് മുൻപ്, ബസ് സുരക്ഷിതമായി നിർത്താൻ അദ്ദേഹം അവസാനവട്ടം പരിശ്രമിച്ചു. നിയന്ത്രണം വിടാതെ ബസിനെ സമീപത്തെ ഒരു കടയുടെ മതിലിലേക്ക് സാവധാനം ഇടിപ്പിച്ചു നിർത്തി. ബസിലെ യാത്രക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ആ നിമിഷം തന്നെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സ്വന്തം മരണം കൺമുന്നിൽ കണ്ടിട്ടും ആ സ്റ്റിയറിങ്ങിൽ നിന്നും കൈവിടാതെ തന്റെ ഡ്യൂട്ടിയോടും ജീവിതത്തോടും അദ്ദേഹം കാണിച്ച ആ നീതിക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളുടെ പ്രാർത്ഥനകൾക്കിടയിൽ ഇരുന്നാകണം ആ മനുഷ്യൻ ഈ ലോകത്തോട് വിടപറഞ്ഞത്. താൻ മരിക്കുമ്പോഴും മറ്റൊരാൾക്ക് ആപത്ത് വരരുത് എന്ന് ആഗ്രഹിച്ച ആ നന്മയ്ക്ക് മരണമില്ല. പ്രദീപ് എന്ന ആ ഡ്രൈവർ ഇന്ന് ഒരു നാടിന്റെ വിങ്ങുന്ന ഓർമ്മയാണ്, ഒപ്പം അതിലേറെ അഭിമാനവുമാണ്. ആ കുടുംബത്തിന്റെ വേദനയിൽ നമുക്കും പങ്കുചേരാം.