ആര്യനാട്: കരമനയാറിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. പറണ്ടോട് തട്ടവിളകത്ത് വിനോദ് (45) ആണ് മരിച്ചത്. ‘മൗഗ്ലി’ എന്ന വിളിപ്പേരിലറിയപ്പെടുന്ന വിനോദ് വ്യാഴം ഉച്ചയ്ക്ക് 12 മണിയോടെ ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്താണ് അപകടത്തിൽപ്പെട്ടത്.
മേസ്തിരി തൊഴിലാളിയായ വിനോദ് ആറ്റിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് നെടുമങ്ങാട് നിന്ന് ഫയർഫോഴ്സ് സംഘമെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവസമയത്ത് വിനോദ് മദ്യപിച്ചിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
