ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നാലര വയസ്സുള്ള പെൺകുട്ടിക്ക് ചികിത്സ നിഷേധിച്ചതായി ഗുരുതരമായ പരാതി. ഓപി സമയം കഴിഞ്ഞെന്ന കാരണത്താൽ കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും, സ്റ്റൂളിൽ ഇരുന്നിരുന്ന കുട്ടിയെ തള്ളിയതോടെ നിലത്ത് വീണുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
വെഞ്ഞാറമൂട് സ്വദേശിയായ നിജാമുദ്ദീന്റെ നാലര വയസ്സുള്ള മകളെയാണ് കടുത്ത ചെവിവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയോടെ എത്തിയ കുട്ടിക്ക് ഓപി നമ്പർ ലഭിച്ചതിന് ശേഷം ഇഎൻടി ഡോക്ടർ ഷിജുവിന്റെ മുറിയിൽ പ്രവേശിച്ചു. ഓപി നമ്പർ ലഭിച്ചിരുന്നിട്ടും, സമയം കഴിഞ്ഞുവെന്നു പറഞ്ഞ് ഡോക്ടർ കുട്ടിയെ പരിശോധിക്കാതെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയെന്നാണ് ആരോപണം.
കുടുംബത്തിന്റെ വാദമനുസരിച്ച്, ഡോക്ടർ പുറത്തേക്കിറങ്ങുന്ന വേളയിൽ സ്റ്റൂളിൽ ഇരുന്നിരുന്ന കുട്ടിയെ തട്ടിമാറ്റിയതോടെ കുട്ടി നിലത്ത് വീണു. സമീപത്തുണ്ടായിരുന്ന രോഗികളും ബന്ധുക്കളും കുട്ടി വീഴുന്നതു കണ്ടതായി പറയുന്നു.
ഇതിനെ തുടർന്ന് കുട്ടിയുടെ പിതാവും ഡോക്ടറും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് സംഭവം കയ്യാങ്കളിയിലേക്ക് കടന്നുവെന്നാണ് വിവരം. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പേന ഉപയോഗിച്ച് പിതാവിനെ കുത്തി പരിക്കേൽപ്പിച്ചുവെന്നും പിതാവ് ആരോപിക്കുന്നു. മുഖത്തും ശരീരത്തും പരിക്കേറ്റതായി പറയുന്നു.
സംഭവത്തെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇരുവരും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരായി. സംഭവത്തിൽ തുടർനിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഡോക്ടർ ഷിജുവിനെയും ആശുപത്രി സൂപ്രണ്ടിനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. ഡോക്ടർ ഫോൺ കോൾ എടുക്കാത്ത നിലയിലാണ്.
മെഡിക്കൽ എത്തിക്സിന് വിരുദ്ധമായ സംഭവമാണിതെന്നും, കടുത്ത വേദനയോടെ എത്തിയ ഒരു കുട്ടിയെ ചികിത്സിക്കേണ്ടത് ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ ഉത്തരവാദിത്വമാണെന്നും കുടുംബം പറയുന്നു. നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ് അവർ.
സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. രോഗികളും ബന്ധുക്കളും കുട്ടിയെ തള്ളിയെന്ന ആരോപണം ആവർത്തിക്കുന്നു. വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
