കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ., അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാന്‍സര്‍ രോഗികള്‍ക്ക് നോമ്പ് അനുഷ്ടിക്കാമോ എന്നത് വളരെ സാധാരണവും പ്രധാനവുമായ ഒരു ചോദ്യം ആണ്. രോഗിയുടെ അവസ്ഥ, കാന്‍സറിന്റെ തരം, ഇപ്പോഴുള്ള ചികിത്സാഘട്ടം എന്നിവയെ ആശ്രയിച്ചാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുള്ളൂ. അതോടൊപ്പം നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ. എന്നിരുന്നാലും താഴെ പറയുന്ന അവസ്ഥകളില്‍ രോഗിക്ക് ഡോക്ടറുടെ അനുമതിയോടെ നോമ്പ് അനുഷ്ഠിക്കാന്‍ സാധാരണയായി കഴിയാറുണ്ട്.

*രോഗി സ്ഥിരമായ ആരോഗ്യ നിലയില്‍ ആണെങ്കില്‍

* കിമോതെറാപ്പി / റേഡിയോതെറാപ്പി / വലിയ ശസ്ത്രക്രിയ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍

* ഹോര്‍മോണ്‍ ചികിത്സ അല്ലെങ്കില്‍ ഫോളോ-അപ്പ് നിരീക്ഷണം മാത്രമാണെങ്കില്‍

* ഗണ്യമായ ഭാരക്കുറവ് ഇല്ലെങ്കില്‍, പോഷകാഹാര നില നല്ലതാണെങ്കില്‍

* വൃക്ക പ്രവര്‍ത്തനം സാധാരണയായിരിക്കുകയാണെങ്കില്‍

* ഡയബെറ്റിസ് ഇല്ലെങ്കില്‍ അല്ലെങ്കില്‍ നല്ല നിയന്ത്രണത്തിലുള്ളതാണെങ്കില്‍

*ഇഫ്താര്‍സുഹൂര്‍ സമയങ്ങളില്‍ മതിയായ ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് മുകളില്‍ സൂചിപ്പിച്ചപോലെ ഡോക്ടറുടെ ഉപദേശം തേടി നോമ്പ് എടുക്കാം. അതേപോലെ പല കാന്‍സര്‍ സര്‍വൈവേഴ്സിനും, മെയിന്റനന്‍സ് ചികിത്സയിലുളള രോഗികള്‍ക്കും നോമ്പ് സുരക്ഷിതമായി പാലിക്കാം(കൃത്യമായ മാര്‍ഗ നിര്‍ദ്ദേശത്തോടെയും, നിരീക്ഷണത്തോടെയും മാത്രം).

താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉള്ളവരോ ചികിത്സയില്‍ ഇരിക്കുന്നവരോ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല.

* ആക്റ്റിവ് കീമോതെറാപ്പി നടക്കുകയാണെങ്കില്‍

* റേഡിയോതെറാപ്പി ലഭിക്കുകയാണെങ്കില്‍ (പ്രത്യേകിച്ച് തലകഴുത്ത്, ജിഐ കാന്‍സറുകള്‍)

*വായില്‍ വ്രണം, ഛര്‍ദ്ദി, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍

*ഗണ്യമായ ഭാരക്കുറവ് / പോഷകാഹാരക്കുറവ് ഉണ്ടെങ്കില്‍

* വൃക്ക പ്രവര്‍ത്തനക്കുറവ് ഉണ്ടെങ്കില്‍ 

*നിയന്ത്രണമില്ലാത്ത ഡയബെറ്റീസ് ഉണ്ടെങ്കില്‍

* അഡ്വാന്‍സ്ഡ് / മെറ്റാസ്റ്റാറ്റിക് കാന്‍സര്‍ മൂലം ശരീര ക്ഷീണം ഉണ്ടെങ്കില്‍

* പകല്‍ സമയത്ത് പല മരുന്നുകളും ആവശ്യമായി വരുന്നവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നോമ്പ് ഡിഹൈഡ്രേഷന്‍, ഇലക്ട്രോലൈറ്റ് അസന്തുലനം, ക്ഷീണം എന്നിവ വര്‍ധിപ്പിക്കാം.

അതോടൊപ്പം

* കീമോതെറാപ്പി ലഭിക്കുന്ന ദിവസങ്ങള്‍

* ഇമ്യൂണോതെറാപ്പി / ടാര്‍ഗെറ്റഡ് തെറാപ്പി ഓരോ രോഗിയെയും പ്രത്യേകം വിലയിരുത്തണം

* ശസ്ത്രക്രിയക്ക് ശേഷമുള്ള കാലയളവ് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതുവരെ

* സ്റ്റോമ ഉള്ള രോഗികള്‍ എന്നിവര്‍ അത്തരം ദിവസങ്ങളിലും അതോടനുബന്ധിച്ചുള്ള ദിവസങ്ങളിലും നോമ്പ് അനുഷ്ഠിക്കാതിരിക്കുന്നതാണ് നല്ലത്.

പ്രത്യേകം ശ്രദ്ധിക്കുക നിങ്ങള്‍ക്ക് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയും എന്നുണ്ടെങ്കില്‍ സ്വയം തീരുമാനിച്ച് മുന്നോട്ട് പോവാതെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചു മാത്രം നോമ്പ് അനുഷ്ടിക്കുക കൂടാതെ ഇസ്ലാം മത് വിശ്വാസം പ്രകാരം പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുന്നവര്‍ക്ക് മാത്രമേ ഉപവസിക്കാന്‍ പാടുള്ളൂ.

രോഗാവസ്ഥ നോമ്പില്‍ നിന്ന് ഒഴിവാക്കാനുള്ള സാധുവായ കാരണം ആണ്. രോഗിക്ക് ആരോഗ്യം വീണ്ടെടുത്താല്‍ പിന്നീട് നോമ്പ് നികുത്താം അല്ലെങ്കില്‍ ദീര്‍ഘകാലമായി നോമ്പ് സാധ്യമല്ലെങ്കില്‍ മറ്റു മാര്‍ഗങ്ങളും മതപരമായി നിഷ്‌കരിച്ചിട്ടുണ്ട്. നമ്മുടെ ജീവനും ആരോഗ്യവും സംരക്ഷിക്കലാണ് പ്രധാന്യം.

നോമ്പ് അനുഷ്ഠിക്കാന്‍ കഴിയുമെങ്കില്‍ താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക

പ്രോട്ടീന്‍ സമ്യദ്ധമായ അത്തായം കഴിക്കുക, ഇഫ്താര്‍ സുഹൂര്‍ ഇടയില്‍ മതിയായ വെള്ളം കുടിക്കുക, കാഫിന്‍, അധിക പഞ്ചസാര ഒഴിവാക്കുക തുടങ്ങിയവ നിര്‍ബന്ധമായും ശ്രദ്ധിക്കുക കൂടാതെ തല ചുറ്റല്‍,അതിക ക്ഷീണം, രക്തത്തില്‍ പഞ്ചസാര കുറയുക, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ നോമ്പ് ഒഴിവാക്കണം. കാന്‍സര്‍ ഉണ്ടായത് കൊണ്ട് മാത്രം നോമ്പ് പാടില്ല എന്നില്ല ആക്റ്റീവ് ചികിത്സ, പോഷകക്കുറവ്, ശരീരക്ഷീണം ഉണ്ടെങ്കില്‍ സാധാരണയായി നോമ്പ് ഒഴിവാക്കണം. സ്വയം തീരുമാനം എടുക്കാതെ നിങ്ങളെ ചികിത്സിക്കുന്ന ഓങ്കോളജിസ്റ്റ് നിങ്ങളുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി കൃത്യമായ തീരുമാനം നല്‍കുന്നതാണ്.