ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ സ്കൂൾ വാഹനങ്ങൾ കത്തിനശിച്ച സംഭവം ദുരൂഹത തുടരുന്നു, പോലീസ് അന്വേഷണം ഊർജിതമാക്കി

കഴക്കൂട്ടം : ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ച സംഭവത്തിൽ അന്വേഷണം പോലീസ് ഊർജിതമാക്കി. വാഹനങ്ങൾ ആരെങ്കിലും മനഃപൂർവം കത്തിച്ചതാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ നിലവിലെ ജീവനക്കാരെയും മുൻപ് ജോലി ചെയ്തിരുന്ന ചിലരെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇവർക്ക് ആർക്കെങ്കിലും മാനേജ്‌മെന്റുമായോ മുൻ വൈരാഗ്യമോ തകർക്കമോ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏതേലും അട്ടിമറിയുണ്ടോയെന്നും പോലീസ് പരിശോധിക്കും.ഒരാഴ്ചയ്ക്കുള്ളിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു. കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, സംഭവത്തിന് പിന്നിൽ കൃത്യമായ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണവുമായി സ്കൂൾ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെയായിരുന്നു സംഭവം.മൂന്ന് ബസുകൾ പൂർണ്ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലർച്ചെ വലിയ സ്ഫോടനശബ്ദം കേട്ടാണ് സമീപവാസികൾ ഉണർന്നത്. സ്കൂൾ വളപ്പിൽ നിന്ന് തീജ്വാലകൾ കണ്ട നാട്ടുകാർ ഉടൻ തന്നെ കഴക്കൂട്ടം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകളെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഈ സമയം ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്. സ്കൂൾ വളപ്പിന്റെ മറ്റൊരു ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ട്രാവലർ, ബസുകൾ കിടന്നിരുന്ന കൃത്യമായ സ്ഥാനത്തേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലറിൽ നിന്നാണ് മറ്റ് വാഹനങ്ങളിലേക്ക് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൽ നിലവിൽ സി.സി.ടി.വി. ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ വീടുകളിലെയും ജങ്ഷനുകളിലെയും ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. കൂടാതെ, സംഭവസമയത്ത് ഈ പരിസരത്ത് ഉണ്ടായിരുന്ന മൊബൈൽ ഫോൺ നമ്പറുകളും പോലീസ് നിരീക്ഷിക്കുന്നുണ്ട്.