അമ്മയെ സിസേറിയൻ ചെയ്യുന്നതിനിടെ കുഞ്ഞു മരിച്ചു നെടുമങ്ങാട് ജില്ല ആശുപത്രിയിൽ സംഘർഷം


നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ നവജാതശിശു മരിച്ചു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ ഇന്നലെയാണ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ അഡ്മിറ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് ബന്ധുക്കൾ പ്രധാനമായും ആരോപണമുന്നയിക്കുന്നത്. ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. ആശുപത്രി സൂപ്രണ്ടിനെയും ആർ.ഡി.ഒയെയും പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. പരിശോധനയിൽ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടാണ് ശസ്ത്രക്രിയനടത്തിയത്. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് മറുപടി ലഭിക്കാതെ പിന്മാറില്ല എന്നും ബന്ധുക്കൾ പറഞ്ഞു.പ്രതിഷേധം ശക്തമായതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ആർ.ഡി.ഒ ജയകുമാർ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി