നെയ്യാറിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു

നെയ്യാറിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു
​രക്ഷിക്കാൻ ചാടിയ വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി
​നെയ്യാറ്റിൻകര: നെയ്യാറിൽ കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒപ്പം മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ മറ്റു വിദ്യാർത്ഥികൾ ചേർന്ന് രക്ഷപ്പെടുത്തി. കാട്ടാക്കട തൂങ്ങാംപാറ ആലുമ്മൂട്ടിൽ അനിൽകുമാർ - രജനി ദമ്പതികളുടെ മകൻ അഭിനവ് (18) ആണ് മരിച്ചത്.
​അപകടത്തിൽപ്പെട്ട ചാരുപാറ സ്വദേശി അഭിനന്ദിനെ (18) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ഈറാറ്റിൻപുറത്താണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ അഭിനവിനെ രക്ഷിക്കാൻ ചാടിയ അഭിനന്ദും മുങ്ങിപ്പോവുകയായിരുന്നു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർ കൂടി വെള്ളത്തിൽ ചാടി. ഇവർ അഭിനന്ദിനെ രക്ഷിച്ചു കരയ്ക്കെത്തിച്ചു. അബോധാവസ്ഥയിലായിരുന്ന അഭിനന്ദിന് ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ സി.പി.ആർ (CPR) നൽകി. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
​നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ ഒരു മണിക്കൂറിനകം അഭിനവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഭിനവ്. ഇന്നലെ ഏഴ് അംഗ സംഘമാണ് ഈറാറ്റിൻപുറത്തു കുളിക്കാനെത്തിയത്. പതിവായി ഇവിടെ കുളിക്കാൻ എത്താറുണ്ടെന്ന് പോലീസ് അറിയിച്ചു. 'അപകട മേഖല' എന്ന ബോർഡിന്റെ തൊട്ടുതാഴെയായിരുന്നു അപകടം. വെള്ളം കുറവാണെന്നു കരുതി വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയതാവാമെന്നു പോലീസ് പറഞ്ഞു. അഭിനവിന്റെ സഹോദരൻ: ആദിത്യൻ.