ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി

ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍.

ഉപയോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യ നയത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും അഭിരുചിയും വിശകലനം ചെയ്ത് ഇവ പരസ്യത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് അവകാശലംഘനമാണെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത കമ്പനികളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി വിട്ടുകൊടുക്കാനാകില്ല. വിപണിയില്‍ ഒരു കുത്തകയായി നില്‍ക്കുന്ന വാട്ട്‌സ്ആപ്പ് സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.

വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും മറ്റും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റില്ലല്ലോ എന്ന് കോടതി ചോദിച്ചു. നിങ്ങളുടെ പോളിസികള്‍ ഞങ്ങള്‍ക്ക് പോലും പലപ്പോഴും മനസിലാകുന്നില്ല. ഈ നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ സാധിക്കില്ല. ഇതെല്ലാം സ്വകാര്യ വിവരങ്ങളുടെ മോഷണം തന്നെയാണെന്നും കോടതി വിമര്‍ശിച്ചു. നിങ്ങള്‍ നിങ്ങളുടെ ഒരു രോഗം സംബന്ധിച്ച് ഡോക്ടര്‍ക്ക് സന്ദേശം അയച്ച് കഴിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം തന്നെ നിങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട പല ഉത്പ്പന്നങ്ങളുടേയും പരസ്യം നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി....