ഓട്ടോറിക്ഷയിൽ മറന്നുവച്ച സ്വർണ്ണവും പണവും അടങ്ങിയ ബാഗ് പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഡ്രൈവർ തിരികെ ഏൽപ്പിച്ചു*

   കൊല്ലം :ഓട്ടോറിക്ഷയിൽ മറന്നുവച്ച സ്വർണ്ണവും പണവും അടങ്ങിയ ബാഗ് കണ്ടെത്താൻ യുവതിക്ക് സഹായമായി കൊല്ലം ഈസ്റ്റ് പോലീസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുക്കൽ എത്തുന്നതിനുവേണ്ടി പള്ളിമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ യുവതി 7 പവനോളം സ്വർണ്ണവും പണവും അടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്ന് വയക്കുകയായിരുന്നു. പിന്നീട് ബാഗ് നഷ്ടമായത് മനസ്സിലാക്കിയ യുവതി നിലവിളിയോടെ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഉടൻ തന്നെ കൊല്ലം ഈസ്റ്റ് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ സരിതയുടെ നേതൃത്വത്തിൽ യുവതിയുമായി പോലീസ് സംഘം പള്ളിമുക്കിന് സമീപമുള്ള ഓട്ടോ സ്റ്റാന്റിൽ എത്തിയെങ്കിലും ഓട്ടോറിക്ഷ അവിടെ ഉണ്ടായിരുന്നില്ല. അൽപ സമയത്തിന് ശേഷം ഓട്ടോറിക്ഷയുമായി സ്റ്റാന്റിലെത്തിയ ഡ്രൈവർ ഷമീർ, പോലീസ് സംഘത്തെ ഏൽപ്പിക്കാനായി തന്റെ വാഹനത്തിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണ്ണവും അടങ്ങിയ ബാഗ് പോലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ യുവതിക്ക് തിരികെ ഏൽപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഷെമീറിന്റെ സത്യസന്ധതയെ പോലീസ് സംഘം അഭിനന്ദിച്ചു.