16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്

കൊച്ചി: മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യ (16)യെ സമീപത്തെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യ.

രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്‌കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ ബാഗും ലഞ്ച് ബോക്സും കരയില്‍ വച്ച നിലയിലായിരുന്നു. ഇവ പരിശോധിക്കുമ്പോഴാണ് നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ വംശജനായ സുഹൃത്ത് ഈ മാസം 19ന് അപകടത്തില്‍ മരിച്ചുവെന്നും ആ വിഷമം സഹിക്കാനാകാത്തതിനാലാണ് ജീവന്‍ വെടിയുന്നതെന്നും എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.