കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു


കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു

കൊച്ചി: ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ചയാണ് കാണുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,183.85 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം വര്‍ധിച്ച് 5,200 ഡോളറിലേക്കും എത്തി. ഡോളര്‍ ദുര്‍ബലമാകുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലക്ക് പിന്തുണ നല്‍കുന്നത്
ഈ ആഗോള ഉണര്‍വ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ഇറാന്‍-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചര്‍ച്ചകളാണ് സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ചര്‍ച്ചകള്‍ സമാധാനപരമായ പരിഹാരത്തിലെത്താതിരുന്നാല്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനൊപ്പം തന്നെ ഫെഡറല്‍ റിസര്‍വ്യുടെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും നിര്‍ണായകമാണ്. ഈ വര്‍ഷം 25 ബേസിക് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ചില നിക്ഷേപകരിലുണ്ട്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അനുകൂല സൂചനകള്‍ വന്നാല്‍ സ്വര്‍ണവിലക്ക് അത് കൂടുതല്‍ പിന്തുണ നല്‍കാനിടയുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു..