‘ഉടന്‍ ബിജെപിയില്‍ ചേരും’ CPIM മുന്‍ MLA എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്

CPIM മുന്‍ MLA എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി. ഉടൻ തീരുമാനമെന്ന് എസ് രാജേന്ദ്രൻ 24 നോട് പറഞ്ഞു. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ദേവികുളത്ത് സ്ഥാനാർത്ഥിയാകില്ല. മറ്റ് വ്യക്തിപരമായ നിബന്ധനകൾ മുന്നോട്ടു വെച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപി നേതാക്കളുടെ സൗകര്യാര്‍ഥം ഉടന്‍ മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടി പ്രവേശനം നടക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്. സിപിഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എ രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചു പാര്‍ട്ടിയില്‍നിന്നു രാജേന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാതിരുന്നതോടെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായി രാജേന്ദ്രന്‍ വോട്ടഭ്യര്‍ത്ഥിച്ചത് വാര്‍ത്തയായിരുന്നു. ഇടമലക്കുടി, ദേവികുളം ഉള്‍പ്പെടെയുള്ള തോട്ടം മേഖലയിലായിരുന്നു രാജേന്ദ്രന്‍ വോട്ടു തേടിയിറങ്ങിയത്.