പൊന്നിൽ പൊള്ളി കേരളം; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

വിവാഹ സീസണിൽ സാധാരണക്കാർക്ക് ഇടിത്തീയായി സ്വർണം. ഒരു ലക്ഷവും കടന്ന് പൊള്ളുന്ന വിലയിലേക്ക് കുതിക്കുന്ന സ്വർണം വീണ്ടും മുകളിലേക്ക് പോവുകയാണ്. ഇന്നലെ ഒരു പവന് 1,01,800 രൂപയായിരുന്നെങ്കിൽ, ഇന്ന് പവന് 480 രൂപ വർധിച്ച് 1,02,280 രൂപയായിട്ടുണ്ട്. ഇന്നലെ, 440 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് അതിലധികം തുകയുടെ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

നിലവിൽ, ഒരു ഗ്രാമിന് 12785 രൂപയാണ് വില. ഗ്രാമിന് 60 രൂപയാണ് വില വർധിച്ചത്. ക‍ഴിഞ്ഞ ഡിസംബറിലാണ് സ്വർണം മാന്ത്രിക സംഖ്യയായ ഒരുലക്ഷം തൊട്ടത്. സ്വ‍ർണം വാങ്ങൻ ആഗ്രഹിക്കുന്നവർക്ക് പണിക്കൂലി ഉൾപ്പെടെ വൻ തുക നൽകി ആഭരണങ്ങൾ വാങ്ങേണ്ട സ്ഥിതിയാണ് നിലവിൽ. സ്വർണത്തിന്റെ അന്താരാഷ്ട്ര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.