എന്തൊരു പോക്കാണിത്? അറിയൂ ഇന്നത്തെ സ്വർണവില

വീണ്ടും കുതിച്ചുയർന്നു സംസ്ഥാനത്തെ സ്വർണവില. വെള്ളിയാഴ്ച സ്വർണ്ണവിലയിൽ ഉണ്ടായ കുറവിനെ കവച്ചുവയ്ക്കുന്ന കുതിപ്പാണ് ഇന്ന് രാവിലെ സ്വർണവിലയിൽ സംഭവിച്ചത്. ശനിയാഴ്ച രാവിലെ ഒരു പവൻ സ്വർണ്ണത്തിനു 1,05,440 രൂപയാണ് വില രേഖപ്പെടുത്തിയത്. തലേദിവസത്തെ അപേക്ഷിച്ചു 280 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 13,145 രൂപയായിരുന്ന സ്വർണ്ണവില 35 രൂപ കൂടി 13,180 രൂപയായി.

കഴിഞ്ഞ മാസം ഒരു ലക്ഷത്തിനു മുകളിലെത്തിയ സ്വർണവില അതിനു ശേഷം ചെറിയ ചില ഇടിവുകൾക്കിടയിലും ഉയർന്ന വിലനിലവാരം തുടരുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ച 1,05,600 രൂപയെന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ സ്വർണ്ണം വലിയ ഒരു വിലയിറക്കത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ല. ആഗോളതലത്തിലെ അസ്വസ്ഥകൾ സ്വർണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം ആയതിനാൽ ഇനിയും സ്വർണവില ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നു. വെനസ്വെലയിലെയും ഉക്രൈനിലേയും സ്ഥിതിഗതികൾക്കൊപ്പം ഗ്രീൻലണ്ടിലെയും ഇറാനിലെയും സ്ഥിതികൾ വഷളാകുന്നത് നിക്ഷേപകരെ സ്വർണ്ണം വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു.
ഇതിനൊപ്പം ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. രൂപയുടെ വിലയിടിവും അമേരിക്കയുടെ തീരുവചുമത്തലും, ഓഹരിവിപണിയിലെ തളർച്ചയും നിക്ഷേപകരെ സ്വർണം വാങ്ങിക്കൂട്ടാൻ നിർബന്ധിതരാക്കുകയാണ്.