അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പാലക്കാട് : പാലക്കാട് കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.

സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി.അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദ‍ൃശ്യങ്ങളിൽ വ്യക്തമാണ്. പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.
നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.എന്നാൽ ഇവിടെനിന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം. ഇതേത്തുടർന്ന് തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നാടപറമ്പിൽ ജാഗ്രതാസമിതി യോഗം വിളിച്ചുചേർത്തു. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.