തിരുവനന്തപുരം
പാറശാല: പൊഴിയൂർ പൊഴിക്കരയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കടലിൽ മുങ്ങിമരിച്ചു. കാട്ടാക്കട ആമച്ചൽ അരുൺ നിവാസിൽ പരേതനായ രാമചന്ദ്രൻ-ഉഷ ദമ്പതികളുടെ മകൻ അരുൺ (28) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്. മാർത്താണ്ഡത്തെ ഒരു ഗൃഹപ്രവേശ ചടങ്ങ് കഴിഞ്ഞ് നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അരുൺ പൊഴിക്കരയിലെത്തിയത്. കുളിക്കുന്നതിനിടെ കടലിൽ കാണാതായ അരുണിനായി നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച തിരുവനന്തപുരം സ്കൂബ ഡൈവിംഗ് ടീമും പൂവാർ അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊഴിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
