കല്ലറ മിതൃമ്മല ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എ.എന്‍. നകുല്‍ നായര്‍ അച്ഛനും അമ്മയ്ക്കുമൊപ്പം ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ മോണോ ആക്റ്റ് വേദിയിലെത്തിയപ്പോള്‍ ഒരു എ ഗ്രേഡിന് അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ വേദിയിലെ തന്റെ പ്രകടനത്തിന് ലഭിച്ച നിറഞ്ഞ കയ്യടികള്‍ക്കും എ ഗ്രേഡിനും അപ്പുറം നകുലിന് ജീവിതത്തില്‍ എന്നും ഓര്‍ത്തുവയ്ക്കാന്‍ സാധിക്കുന്ന ചില ഓര്‍മകളും ഇന്ന് ലഭിച്ചു. കാശ്മീരിലെ പഹല്‍ഗാം ആക്രമവും പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറുമെല്ലാം പ്രമേയമാക്കി നകുല്‍ അവതരിപ്പിച്ച മോണോ ആക്റ്റിന് പ്രശംസയറിയിക്കാന്‍ മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ സത്യന്‍ അന്തിക്കാട് ആഗ്രഹമറിയിച്ച് വിളിച്ചു.
നകുലിന്‍റെ പ്രകടനം വേദിയില്‍ നേരിട്ടുകണ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ഓഫീസ് സെക്രട്ടറി നകുലിന്റെ മാതാപിതാക്കളോട് ഒരു ആവശ്യം അറിയിച്ചു. സത്യന്‍ സാറിന് മകനെ ഒന്ന് കാണണം നാടക നടനായിരുന്ന അച്ഛന്‍ അനീഷ് മുതുവിളയും അമ്മ നന്ദനയും സമ്മതം അറിയിച്ചതോടെ മൂവരും ഒരുമിച്ച് സത്യന്‍ സാറിന്‍റെ അന്തിക്കാട്ടിലെ വീട്ടിലേയ്ക്ക് യാത്രയായി. മോണോ ആക്റ്റില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ എച്ച്എസ്എസ് ചിറക്കരയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശ്രീകൃഷ്ണനും സത്യന്‍ അന്തിക്കാടിന്‍റെ ക്ഷണം സ്വീകരിച്ച് ഇവര്‍ക്കൊപ്പം ചേര്‍ന്നു.
മകന്‍റെ പ്രകടനമൊന്ന് നേരില്‍ കാണാന്‍ ആഗ്രഹമറിയിച്ച സംവിധായകന് മുന്നില്‍ നകുല്‍ ഒന്നുകൂടി വേദിയിലെ കലാകാരനായി മാറി. നകുലിന്‍റെ പ്രകടനത്തില്‍ സംതൃപ്തനായ അദ്ദേഹം നകുലിനും കുടുംബത്തിനുമൊപ്പം അന്തിക്കാട്ടിലെ വീട്ടില്‍ ഒരു മണിക്കൂറോളമാണ് ചിലവിട്ടത്.
15 വര്‍ഷമായി നാടക രംഗത്ത് ഉണ്ടായിരുന്നിട്ട് കൂടിയും തനിക്ക് കിട്ടാത്തൊരു ഭാഗ്യമാണ് തന്‍റെ മകന് ലഭിച്ചതെന്ന് തൃശൂര്‍ ഹോളി ഫാമിലി കോണ്‍വെന്‍റെ ഗേള്‍സ് ഹൈസ്‌കൂളിലെ മോണോ ആക്റ്റിന്‍റെ വേദിക്ക് സമീപത്ത് നിന്ന് നകുലിന്‍റെ അച്ഛന്‍ അനീഷ് മുതുവിള പറഞ്ഞു.
ആദ്യമായാണ് മോണോ ആക്റ്റില്‍ നകുല്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തിയത്. അഞ്ചാം ക്ലാസ് മുതല്‍ നകുല്‍ മോണോ ആക്റ്റ് അഭിനയിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ ആദ്യമായി ഇത്രയും വലിയൊരു സംവിധായകന്‍ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്കുണ്ടായതെന്നും നകുല്‍ പറഞ്ഞു. അമ്മ നന്ദനയ്ക്കും മകന്‍റെ നേട്ടത്തിലും അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യത്തിലും അതിയായ സന്തോഷമുണ്ട്.
