ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. തന്ത്രിയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള അറസ്റ്റ് നോട്ടീസ് ലഭിച്ചു. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് തന്ത്രി തടഞ്ഞില്ലെന്നും ശബരിമലയിലെ മുഖ്യപുരോഹിതനായ തന്ത്രി ആചാരങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്വർണം പതിച്ചതാണെന്ന് അറിവുണ്ടായിരുന്നിട്ടും വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോർഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെന്നും എന്നിട്ടും ഇക്കാര്യം ദേവസ്വം ബോര്‍ഡിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു.
ദേവസ്വം ബോര്‍ഡിൽ നിന്ന് ശമ്പളം പറ്റുന്ന വ്യക്തിയായ തന്ത്രി ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. അനുമതിയില്ലാതെ കൊണ്ടുപോയെന്ന് തന്ത്രി അധികൃതരെ അറിയിച്ചില്ലെന്നും പാളികള്‍ ഇളക്കുന്ന ദിവസം ഉള്‍പ്പെടെ ശബരിമലയിൽ ഉണ്ടായിട്ടും മൗനാനുവാദം നൽകിയെന്നും തന്ത്രിയുടേത് കുറ്റകരമായ മൗനാനുവാദമാണെന്നുമാണ് എസ്ഐടിയുടെ അറസ്റ്റ് നോട്ടീസിൽ പറയുന്നത്.ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു.
തന്ത്രിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്ന് അഭിഭാഷകൻ
തന്ത്രിക്ക് ദേവസ്വം ബോർഡിന്‍റെ തീരുമാനം തടസപ്പെടുത്താൻ തന്ത്രിക്ക് അധികാരമില്ലെന്ന് തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. സിഡി അനിൽ പ്രതികരിച്ചു. തന്ത്രി ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്നും അറസ്റ്റ് നടപടിയിൽ തന്ത്രിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അനിൽ പറഞ്ഞു. തന്ത്രിക്ക് യാതൊരു സാമ്പത്തിക ലാഭവുമില്ലെന്നും ആചാരലംഘനം നടത്തിയെന്ന് പറയുന്നത് നിയമപരമായി നിലനിൽക്കാത്ത വാദമാണെന്നും അനിൽ പറഞ്ഞു.
