മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനം.

മുതലപ്പൊഴിയിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ വിൽക്കാൻ തീരുമാനമായി.
മുതലപ്പൊഴി ഹാർബറിൽ ഡ്രഡ്ജിംഗിലൂടെ നീക്കം ചെയ്യുന്ന മണ്ണ് ദേശീയപാത 66 ന്റെ നിർമ്മാണത്തിനെന്ന പേരിലാണ് വിട്ടുനൽകാൻ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം ഫ്ലൈഓവർ വരെയുള്ള ആറുവരിപ്പാതയുടെ നിർമ്മാണത്തിനായാണ് മണ്ണ് ഉപയോഗിക്കുക. മുതലപ്പൊഴി ഹാർബറിലെ ഡ്രഡ്ജിംഗ് തടസങ്ങൾ നീക്കുന്നതിനൊപ്പം, ദേശീയപാത വികസനത്തിന് ആവശ്യമായ മണ്ണ് ലഭ്യമാക്കാനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമായ ദേശീയപാത നിർമ്മാണത്തിന് മുൻഗണന നൽകിക്കൊണ്ടാണ് ഫിഷറീസ് ആൻഡ് സ്പോർട്സ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അബ്ദുൾ നാസർ. ബി ഉത്തരവ് പുറപ്പെടുവിച്ചത്.

മത്സ്യബന്ധന ബോട്ടുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവശ്യമായ ആഴം ഹാർബറിൽ ഉറപ്പാക്കുന്ന രീതിയിൽ മണ്ണ് നീക്കം ചെയ്യണമെന്നും, നീക്കം ചെയ്യുമ്പോൾ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതെ ചീഫ് എൻജിനിയർ പ്രത്യേക ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒരു ക്യൂബിക്ക് മണ്ണിന് ₹1389.83പൊതുമരാമത്ത് വകുപ്പിന്റെ നിരക്കനുസരിച്ച് ഒരു ക്യുബിക് മീറ്റർ മണ്ണിന് 1389.83 രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ റോയൽറ്റിയും ജി.എസ്.ടിയും ഈടാക്കും. കേരള മാരിടൈം ബോർഡിന്റെ ‘ചന്ദ്രഗിരി’ ഡ്രഡ്ജർ ഉപയോഗിച്ചോ പുറത്തുനിന്നുള്ള ഏജൻസികൾ വഴിയോ മണ്ണ് നീക്കം ചെയ്യാം. മാരിടൈം ബോർഡിന്റെ ഡ്രഡ്ജറാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രതിമാസം 6 ലക്ഷം രൂപ വാടക നൽകണം. മറ്റ് നിബന്ധനകൾ ദേശീയപാത അതോറിട്ടി മണ്ണ് കൊണ്ടുപോകാൻ തയ്യാറാകാത്തപക്ഷം ലേലം വഴി മണ്ണ് വിൽക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പിന് നിർദ്ദേശം നൽകി. കരാറുകാർക്ക് അനാവശ്യ ലാഭം ഉണ്ടാകുന്നില്ലെന്ന് ചീഫ് എൻജിനിയർ ഉറപ്പാക്കണം, മത്സ്യബന്ധന യാനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ആവശ്യമായ ആഴം ഉറപ്പാക്കിക്കൊണ്ട് സമയബന്ധിതമായി മണൽ നീക്കം ചെയ്യണം എന്നിവയാണ്.