ഇറാനിൽ ജനകീയ പ്രക്ഷോപം പടരുന്നു; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇറാനിലെ മാറുന്ന പ്രാദേശിക സാഹചര്യങ്ങളും ആഭ്യന്തര പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് ദുബായിൽ നിന്ന് ഇറാനിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. 2026 ജനുവരി ഒമ്പത്, വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന ഫ്ലൈദുബായ് ഉൾപ്പെടെയുള്ള കമ്പനികളുടെ വിമാനങ്ങളാണ് റദ്ദാക്കിയത്.

ദുബായിൽ നിന്ന് ടെഹ്‌റാൻ, ഷിറാസ്, മഷ്ഹദ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള ആറിലധികം പ്രമുഖ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉണ്ടായ ജനകീയ പ്രക്ഷോഭങ്ങളും മേഖലയിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദുബായ് എയർപോർട്ട് വെബ്‌സൈറ്റിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിലെ സർവീസുകളുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.

​അതിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭം ഇറാനിൽ തുടരുകയാണ്. ആദ്യം ടെഹ്റാനിലും ചില ന​ഗരങ്ങളിലും മാത്രമായിരുന്നു പ്രക്ഷോഭം നടന്നത്. എന്നാൽ വളരെ വേ​ഗത്തിൽ തന്നെ രാജ്യത്തുടനീളം പ്രക്ഷോപം ആളിപ്പടർന്നു. ഇതോടെ അധികൃതർ ഇറാനിൽ പൂർണ്ണമായ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രക്ഷോപങ്ങളിൽ ഇതുവരെ 45 പേർ കൊല്ലപ്പെടുകയും 2,500പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു.കഴിഞ്ഞ ജൂണിലുണ്ടായ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതികളെത്തുടർന്ന് രാജ്യാന്തരതലത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളുമാണ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായത്. അമേരിക്കൻ ഡോളറിനെതിരെ ഇറാനിയൻ കറൻസിയായ 'റിയാലിന്റെ' മൂല്യം പകുതിയായി ഇടിഞ്ഞു. ഇത് രാജ്യത്തെ പണപ്പെരുപ്പം കുത്തനെ ഉയർത്തി. പെട്രോൾ വിലവർധനയ്‌ക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അധികമായി. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് വ്യാപാരികളാണ് കടകളടച്ച് ആദ്യം രംഗത്തിറങ്ങിയത്. വൈകാതെ വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങിയതോടെ പ്രതിഷേധം ജനകീയ പ്രക്ഷോഭമായി മാറി.