മോഷ്ടിച്ച യുവാവിനെ കല്ലമ്പലം പോലീസ് പിടികൂടി ...
തിരുവനന്തപുരം: ദേശീയപാത നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന നിർമാണ സാമഗ്രികൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദിനെ (37) ആണ് കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിൽക്കാൻ ശ്രമിച്ച സാധന സാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കല്ലമ്പലം എസ് എച്ച് ഒ ദീപുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആയിരുന്നു പ്രതിയെ കുടുക്കിയത്. ജംഗ്ഷനുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നാവായിക്കുളം, 28 -ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടുന്ന ആയിരം കിലോയോളം നിർമ്മാണസാധനങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
പെട്ടിഓട്ടോയിലെത്തി മോഷണം
സ്റ്റോക്കിൽ കുറവ് വന്നത് ശ്രദ്ധയിൽപെട്ട നിർമ്മാണക്കരാർ കമ്പനി കല്ലമ്പലം പൊലീസിൽ പരാതി നൽകി. തുടർന്ന് കല്ലമ്പലം പൊലീസ് ജില്ലാ അതിർത്തിയിലും സമീപ പ്രദേശങ്ങളിലെ ആക്രിക്കടകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പെട്ടിഓട്ടോയുമായി എത്തി പാതയോരത്ത് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇയാളുടെ രീതി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാത്രികളിൽ മോഷ്ടിച്ച സാധനങ്ങളുമായി പോകുന്ന ഇയാളുടെ ദൃശ്യം ലഭിച്ചതാണ് ഗുണമായത്. വിനോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
