അമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

ദമാം നവോദയ റാക്ക ഏരിയ പ്രസിഡന്റും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന തൃശൂർ തലക്കോട്ടുക്കര സ്വദേശി അനില്‍കുമാർ ആണ് മരിച്ചത്.

ജനുവരി നാലിനാണ് അനില്‍കുമാറിന്റെ അമ്മ കാർത്ത്യായനി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ അനില്‍കുമാർ നാട്ടിലേക്ക് പുറപ്പെട്ടു. ജനുവരി ഒമ്പതിന് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയോടൊപ്പം പുറത്തുപോയ അനില്‍കുമാറിന്, പെട്രോള്‍ പമ്പില്‍ വെച്ച്‌ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദമാമിലെയും ഖോബാറിലെയും മലയാളി സമൂഹത്തില്‍ ഏറെ പ്രിയങ്കരനായിരുന്നു അനില്‍കുമാർ. ദമാം നവോദയ റാക്ക ഏരിയ പ്രസിഡന്റ്, ഖോബാർ റീജനല്‍ കമ്മിറ്റി അംഗം, സാംസ്കാരിക കമ്മിറ്റി കണ്‍വീനർ എന്നീ നിലകളില്‍ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു. അനില്‍കുമാറിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സുഹൃത്തുക്കള്‍ക്കും നാട്ടുകാർക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്.