നാഗ്പൂരില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ന്യൂസിലന്‍ഡ്, ഇന്ത്യക്ക് ബാറ്റിംഗ് സഞ്ജു ഓപ്പണര്‍, ഇഷാന്‍ കിഷനും ടീമില്‍

നാഗ്പൂര്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. അഭിഷേക് ശര്‍മക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ കളിക്കും.
പേസര്‍ ജസ്പ്രീത് ബുമ്രയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. രണ്ടാം പേസറായി അര്‍ഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍ഷിത് റാണ പുറത്തായി. ഹര്‍ഷിതിന് പുറമെ സ്പിന്നര്‍മാരായ രവി ബിഷ്ണോയിക്കും കുല്‍ദീപ് യാദവിനും ശ്രേയസ് അയ്യര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. അക്സറും വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്പിന്നര്‍മാരായി ടീമിലെത്തിയത്.

ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനിന്ന മിച്ചല്‍ സാന്‍റ്നര്‍ ക്യാപ്റ്റനായി തിരിച്ചെത്തി.ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞു. രാത്രി മഞ്ഞുവീഴ്ചയുള്ളതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാവാന്‍ സാധ്യതയുണ്ടെന്നും സൂര്യ പറഞ്ഞു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുമുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്.