പത്തനംതിട്ട: കേരള മനസാക്ഷിയെ നടുക്കിയ പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിൾ (26) കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കോട്ടാങ്ങൽ സ്വദേശി നസീറിനെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും..
2019 ഡിസംബർ 15ന് ടിഞ്ചു മൈക്കിളിനെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കിയ ശേഷം കെട്ടിത്തൂക്കി ജീവനെടുത്തത് ആണെന്ന് പിന്നീട് തെളിഞ്ഞു. തുടക്കത്തിൽ ഇത് യുവതി സ്വയം ജീവനൊടുക്കി എന്ന നിഗമനത്തിലായിരുന്നു ലോക്കൽ പോലീസ്. എന്നാൽ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ക്രൂരമായ കൃത്യത്തിന്റെ ചുരുളഴിഞ്ഞത്..
യുവതിയെ കെട്ടിത്തൂക്കാൻ ഉപയോഗിച്ച കയറിലെ കുരുക്ക് അഥവാ 'കെട്ട് ആണ് പ്രതിയിലേക്കുള്ള വഴി തുറന്നത്. തടിക്കച്ചവടക്കാർ വലിയ തടികൾ കെട്ടാനായി ഉപയോഗിക്കുന്ന സവിശേഷമായ ഒരു രീതിയിലായിരുന്നു ആ കുരുക്ക്. ഇത് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് തടിക്കച്ചവടക്കാരനായ നസീറിലേക്ക് എത്തിയത്. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നീണ്ട 20 മാസത്തെ ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിലാണ് 2021ൽ നസീറിനെ പിടികൂടാൻ സാധിച്ചത്..
യുവതി ഒറ്റയ്ക്കായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി അവരെ ഇരയാക്കുകയായിരുന്നു. തുടർന്ന് കൃത്യം മറച്ചുവെക്കാനായി യുവതി സ്വയം ജീവനൊടുക്കി എന്ന് തോന്നിപ്പിക്കും വിധം കെട്ടിത്തൂക്കി. സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും, ശാസ്ത്രീയ പരിശോധനാ ഫലങ്ങളുമാണ് പ്രോസിക്യൂഷന് സഹായകരമായത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. രാജ്മോഹനാണ് വാദിഭാഗത്തിന് വേണ്ടി കോടതിയിൽ ഹാജരായത്..
ടിഞ്ചു മൈക്കിൾ മരിച്ചിട്ട് 7 വർഷങ്ങള്‍ ആയെങ്കിലും ഇപ്പോയാണ് നീതി നടപ്പിലാകുന്നത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവതിയുടെ കുടുംബം. ശനിയാഴ്ച കോടതി പ്രഖ്യാപിക്കുന്ന ശിക്ഷാവിധി എന്താകുമെന്ന് കാത്തിരിക്കുകയാണ് ഒരു നാട് ഒന്നടങ്കം...
