എഐ ക്യാമറകളെ വെട്ടിച്ച് പിഴയിൽ നിന്ന് രക്ഷപ്പെടാൻ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും നിയമലംഘനത്തിന് കൂട്ടുപിടിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. എം.വി.ഡി പുറത്തുവിട്ട ഒരു സ്‌കൂട്ടർ യാത്രയുടെ ചിത്രം ഈ അപകടകരമായ പ്രവണതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന ഒരു കുടുംബം, എഐ ക്യാമറയ്ക്ക് സമീപമെത്തിയപ്പോൾ മുന്നിലിരുന്ന കുട്ടിയെക്കൊണ്ട് നമ്പർ പ്ലേറ്റ് മറച്ചുപിടിക്കുന്ന ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്. രക്ഷിതാക്കളെയാണ് കുട്ടികൾ മാതൃകയാക്കുന്നത് എന്ന ഗൗരവമേറിയ തലക്കെട്ടോടെയാണ് അധികൃതർ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഇതിനു മുൻപും സമാനമായ രീതിയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കൈകൊണ്ട് പൊത്തിപ്പിടിച്ചും തുണി ഉപയോഗിച്ച് മറച്ചും യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പിഴയിൽ നിന്ന് രക്ഷപ്പെടാൻ ഇത്തരം തന്ത്രങ്ങൾ പയറ്റുന്നവർ സ്വന്തം ജീവനും ഒപ്പം കുട്ടികളുടെ സുരക്ഷയുമാണ് പണയപ്പെടുത്തുന്നതെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.
റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. വീഴ്ചകളിലുണ്ടാകുന്ന തലയിലെ ക്ഷതം മരണത്തിനോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കോ കാരണമാകും. ഈ അപകടസാധ്യത ഒഴിവാക്കാനാണ് ഹെൽമറ്റ് നിർബന്ധമാക്കുന്നത്.
നിയമത്തെ പേടിച്ച് മാത്രം ഹെൽമറ്റ് ധരിക്കുന്ന ശീലം മാറ്റണമെന്നും, ചെറിയ പിഴകളിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന ഇത്തരം അഭ്യാസങ്ങൾ വലിയ ദുരന്തങ്ങൾക്ക് വഴിമാറുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
