കേരളത്തിന് വിഷു എന്ന പോലെ തമിഴ് നാടിന്റെ ആഘോഷമാണ് " പൊങ്കൽ " തമിഴ്‌നാട്ടിലെ വിളവെടുപ്പ് മഹോത്സവം.
ഏതാണ്ട് 2000 വർഷത്തിലേറെ പഴക്കമുണ്ട് പൊങ്കൽ ആഘോഷത്തിന്. ചോള - വിജയനഗര സാമ്രാജ്യ കാലഘട്ടത്തിൽ പൊങ്കൽ ആഘോഷിച്ചിരുന്നതായി ശിലാ ലിഖിതങ്ങളിൽ പരാമർശിക്കുന്നുണ്ട്.
സൂര്യൻ മകര രാശിയിലേക്ക് പ്രവേശിക്കുന്ന മകര സംക്രാന്തി ദിനത്തിലാണ് പൊങ്കൽ വരുന്നത്. ഇത് തമിഴ് കലണ്ടർ പ്രകാരം സമൃദ്ധിയുടെ മാസമായ " തൈ " യുടെ തുടക്കമാണ്. കർഷകർ തന്റെ ആദ്യ വിളവ് ഈ ദിവസം പ്രകൃതിക്ക് സമർപ്പിക്കുന്നു.
തമിഴ്നാടിന്റെ പാരമ്പര്യവും കാർഷിക സംസ്കൃതിയും വിളിച്ചോതുന്ന ഈ ഉത്സവം തമിഴ് മാസമായ "തൈ" ഒന്നിനാണ്. അതായത് മകരമാസം ഒന്നാം തീയതി. അതിനാൽ മകര സംക്രാന്തി എന്നും ഇതിന് പേരുണ്ട്.
"പൊങ്കൽ" എന്ന പദത്തിനർദ്ധം വേവിച്ച അരി എന്നാണ്. വർണ്ണാഭമായകോലം മുറ്റത്തൊരുക്കി വീടിന് പുറത്ത് അടുപ്പ് കൂട്ടി പുതിയ മൺകലത്തിൽ പുത്തനരിയും പാലും ശർക്കരയും ചേർത്ത് പൊങ്കൽ തയ്യാറാക്കുന്നു. പാൽ തിളച്ച് തൂകുമ്പോൾ കുടുംബാംഗങ്ങൾ " പൊങ്കൽ പൊങ്കൽ " എന്ന് സന്തോഷത്തോടെ വിളിക്കുന്നു.
സൂര്യദേവനും പ്രകൃതിക്കും കന്നു കാലിക്കും നന്ദി പറഞ്ഞ് ആഘോഷിക്കുന്ന ഈ ഉത്സവദിനത്തിലാണ് തമിഴ്നാടിന്റെ വീര വിളയാട്ടമായ " ജെല്ലികെട്ടും" നടക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ഉത്സവത്തിൽ പ്രതിഫലിക്കുന്നത്.
