മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ടെന്നും, ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മോഹൻലാൽ വ്യക്തമാക്കി. “ഇന്ന് ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനെ. എല്ലാ ഭാഗ്യങ്ങളും ഒത്തുചേർന്നതുകൊണ്ടാണ് പങ്കെടുക്കാൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.
ഇന്നും നിരവധി സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലെത്തുന്നുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി. പാഠപുസ്തകങ്ങൾക്ക് പുറത്തായി ഇത്രയേറെ അനുഭവങ്ങൾ സമ്മാനിക്കുന്ന മറ്റൊരു വേദി ഇല്ലെന്നും, കലാകാരന്മാരെയും കലാകാരികളെയും ഈ വേദിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പങ്കുവെക്കലിന്റെ സന്തോഷം കുട്ടികളെ ശീലിപ്പിക്കാനും, തോൽവിയാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന തിരിച്ചറിവ് നൽകാനും കലോത്സവങ്ങൾക്ക് കഴിയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കലയോടുള്ള ആത്മാർപ്പണം ആത്മാർത്ഥമാണെങ്കിൽ അവസരങ്ങൾ സ്വയം തേടിയെത്തുമെന്നും, ഇത് തന്റെ അനുഭവത്തിൽ നിന്നുള്ള തിരിച്ചറിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, കലോത്സവത്തിലെ കലാകിരീടം കണ്ണൂർ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 1028 പോയിന്റുകളോടെയാണ് കണ്ണൂർ സ്വർണക്കപ്പ് നേടിയത്. തൃശൂർ 1023 പോയിന്റുകളോടെയും കോഴിക്കോട് 1017 പോയിന്റുകളോടെയും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
