*നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി*

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണക്കോടതി. വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂര്‍ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമര്‍ശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയില്‍ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, ഇത് പരിഗണിച്ചില്ല എന്ന് പുറത്തിറങ്ങി പറയുന്നതെന്നും കോടതി വിമര്‍ശിച്ചു. ഇന്ന് കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ വിമര്‍ശനം വന്നത്. അതേസമയം, അതിജീവിതയുടെ അഭിഭാഷക ഇന്നും കോടതിയിൽ ഹാജരായിരുന്നില്ല.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിധി പുറത്തുവന്നതിനു പിന്നാലെ വിചാരണ കോടതിയെ വിമര്‍ശിച്ചുകൊണ്ട് അഡ്വ. ടി ബി മിനി ചാനൽ ചർച്ചകളിലും പൊതുപരിപാടികളിലുമടക്കം രംഗത്തുവന്നിരുന്നു.